മങ്കട: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചെസ് സബ്ജൂനിയർ മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച വടക്കാങ്ങര എംപിജിയുപി സ്കൂൾ വിദ്യാർഥി വി. റിഷാൻ റഷീദ് സംസ്ഥാന സ്കൂൾ ചെസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ അണ്ടർ-13 ചാന്പ്യനെ തോൽപ്പിച്ചാണ് റിഷാൻ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കാഷ് അവാർഡും കരസ്ഥമാക്കി ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ ചെസ് മത്സരത്തിനുള്ള സംസ്ഥാന സ്കൂൾ സബ്ജൂനിയർ ചെസ് ടീമിലും റിഷാൻ ഇടം നേടിയിരുന്നു.
2027 ജനുവരിയിൽ മധ്യപ്രദേശിലാണ് നാഷണൽ ചെസ് സബ്ജൂനിയർ മത്സരങ്ങൾ നടക്കുന്നത്. ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ ടൂർണമെന്റുകളിലായി അന്പതിലേറെ ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയിട്ടുള്ള റിഷാൻ റഷീദിനെ എമെർജിംഗ് പ്ലെയർ ഓഫ് മലപ്പുറമായി ജില്ലാ ചെസ് അസോസിയേഷൻ തെരഞ്ഞെടുത്തിരുന്നു. വടക്കാങ്ങര വേങ്ങശേരി അബ്ദുൾ റഷീദിന്റെയും ഹബീബയുടെയും മകനാണ്.